മഴ പെയ്യുന്നത്

മരങ്ങളില്‍ പെയ്യുന്നതുപോലെയല്ല
പുഴയില്‍ മഴ പെയ്യുന്നത്.
ഒരു നൂലുകൊണ്ട് ഒരു വിള്ളലുണ്ടാകുമ്പോള്‍
ഒരായിരം വാള്‍മുനകളാല്‍ പുഴ പിളര്‍ക്കപ്പെടുന്നു
ഒരു വേനലിന്‍റെ വിരല്‍പ്പാടുകളെ മായ്ക്കാന്‍
മണ്ണടരുകള്‍ തോറും മഴ ചുംബിച്ചു വിതുമ്പുന്നു
പുഴ കലങ്ങുന്നു
സിരകളിലാകമേ പ്രാക്തന സ്മൃതി മുഴങ്ങുന്നു.

ഇരുള്‍ കനക്കുന്നു
നദീഗര്‍ഭമിളകി മറിയുന്നു
പെരുമ്പറ മുഴങ്ങുന്നു
മഴ നീലനിഷാദമാകുന്നു.
ഇലപ്പടര്‍പ്പുകളില്‍ കാറ്റ് കുറുകി നില്‍ക്കുന്നു
മരം തണുത്തുലയുന്നു
പുഴയിലോളങ്ങള്‍ ചുറ്റിപ്പടര്‍ന്ന വേരുകള്‍
ഇരുളാഴങ്ങളിലവയറിയുന്നു
പരസ്പരം കണ്ടുമറന്ന തീരങ്ങള്‍.

പുഴ കുതിക്കുന്നു
ഉടല്‍പ്പാളികളിലൊരു കഥയുറയുന്നു
കടങ്കഥച്ചുഴി മെനയുന്നു
മഴ നിറഞ്ഞു പെയ്യുന്നു
ജലപ്പരപ്പു ചിന്നുന്നു
മഴ ചെരിഞ്ഞുപെയ്യുന്നു
ജലം പകുത്തു പായുന്നു

അകലെയൊരുകടല്‍ ഇരമ്പിയാര്‍ക്കുന്നു.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌